കൊല്ലം ജംഗ്‌ഷൻ തീവണ്ടി നിലയം
കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയംവലിപ്പത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തീവണ്ടി നിലയമാണ് കൊല്ലം ജംഗ്‌ഷൻ. കേരളത്തിലെ തന്നെ ആദ്യ തീവണ്ടി നിലയങ്ങളിലൊന്നാണ് കൊല്ലം. കൊല്ലം നഗരത്തിലെ 4 നിലയങ്ങളിൽ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമാണ് കൊല്ലം ജംഗ്‌ഷൻ. തിരുവനന്തപുരം-എറണാകുളം റൂട്ടിൽ കൊല്ലം - തിരുവനന്തപുരം പാതയിലാണ് ഈ തീവണ്ടി നിലയം സ്‌ഥിതിചെയ്യുന്നത്. കൊല്ലം - ചെങ്കോട്ട തീവണ്ടിപ്പാത ഇവിടെ നിന്ന് ആരംഭിക്കുന്നു. തിരുവിതാംകൂറിൽ തീവണ്ടി സർവ്വീസ് ആരംഭിച്ചപ്പോൾ കൊല്ലം-മദ്രാസ് മീറ്റർ ഗേജ് പാത മാത്രമേ ഉണ്ടായിരുന്നുള്ളൂ. 1902-ലാണ് കൊല്ലത്ത് നിന്ന് പരീക്ഷണാടിസ്ഥാനത്തിൽ ആദ്യത്തെ ചരക്ക് തീവണ്ടി ഓടിയത്. ആദ്യത്തെ യാത്രാതീവണ്ടി രണ്ടു കൊല്ലത്തിനു ശേഷം 1904 ജൂൺ ഒന്നിന് ഓടി. 1904 നവംബർ 26ന് കൊല്ലം - ചെങ്കോട്ട റെയിൽപാത ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. എന്നാൽ ശക്തമായ മഴയിൽ തുരങ്കങ്ങളുടെ ചുവരുകൾ തകർന്നതിനാൽ ഉദ്ഘാടനദിവസം തീവണ്ടി ഓടിയത് പുനലൂർ വരെ മാത്രമാണ്. കൊല്ലത്തെ സ്റ്റേഷൻ മാസ്റ്ററായിരുന്ന രാമയ്യയാണ് വണ്ടിയെ പതാക വീശി യാത്രയാക്കിയത്. തീവണ്ടി പുറപ്പെടുമ്പോൾ 21 ആചാരവെടികൾ മുഴങ്ങിയിരുന്നു. ആദ്യത്തെ ട്രെയിനിന് 'ധൂമശകടാസുരൻ' എന്നാണ് തദ്ദേശവാസികൾ പേര് നൽകിയത്.







